നര്‍ത്തനലഹരി


ഇന്ന് നൃത്തത്തെക്കുറിച്ച് സംസാരിക്കാം എന്ന് തോന്നുന്നു. യഥാര്‍ത്ഥത്തില്‍ അതിനെക്കുറിച്ച് ഞാന്‍ മുമ്പേ തന്നെ സംസാരിക്കേണ്ടതായിരുന്നു. എന്നാല്‍ എന്തോ ഇന്നാണ് ഒരു മൂഡ് തോന്നിയത്. ഞാന്‍ നൃത്തത്തെ ഒരുപാട് സ്നേഹിക്കുന്നു. നൃത്തം ചെയ്യാന്‍ ഒരുപാട് ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നു. ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും ആത്മവിശ്വാസത്തോടെ ചെയ്യുന്ന ഒരേ ഒരു കാര്യമാണ് നൃത്തം. വലിയ നര്‍ത്തകിയാണെന്നൊന്നും അവകാശപ്പെടാന്‍ ഞാന്‍ ആളല്ല. പക്ഷെ എന്റെ നൃത്തം യഥാര്‍ത്ഥ ആസ്വാദകരില്‍ കുറച്ചെങ്കിലും ആനന്ദം ജനിപ്പിക്കാനുതകും എന്ന എളിയ വിശ്വാസം എനിക്കുണ്ട്. ചെറുപ്പത്തിലേ നൃത്തം എനിക്ക് പ്രിയപ്പെട്ടതായിരുന്നു. പണ്ട് പള്ളിയിലെ ഞങ്ങളുടെ വാര്‍ഡ് വാര്‍ഷികത്തിന് എന്റെ ചേച്ചിമാര്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് എനിക്കും കയറണം സ്റേജില്‍ എന്ന് വാശിപ്പിടിച്ച് കരഞ്ഞിട്ടുണ്ടത്രേ ഞാന്‍. അമ്മ ആ സംഭവം ആരോടെങ്കിലും വര്‍ണ്ണിക്കുമ്പോള്‍ ഞാന്‍ ലേശം അഹങ്കരിക്കാറുണ്ട് എന്നത് വാസ്തവമാണ്.
എന്തുതന്നെയായാലും നൃത്തത്തിന് ഒരു മാന്ത്രിക ശക്തിയുണ്ട്. എന്റെ കാര്യത്തിലാണെങ്കില്‍ ഞാന്‍ ഇടക്കിടയ്ക്ക് മൂഡ് ഔട്ട് ആകുന്ന കൂട്ടത്തിലാണ്. പക്ഷെ എന്തുതന്നെ വിഷമത്തിലായാലും എന്തെങ്കിലും പെര്‍ഫോം ചെയ്യാനോ പ്രാക്ടീസ് ചെയ്യാനോ അവസരം ലഭിച്ചാല്‍ എല്ലാ അസ്വസ്ഥതകളും പമ്പ കടക്കും. അതാണ് എന്റെ അനുഭവം. നൃത്തം ചെയ്തു നോക്കിയവര്‍ക്കേ അറിയൂ അതിന്റെ സുഖം എന്താണെന്ന്. പാട്ടിന്റെ അനന്തതയെ വര്‍ണ്ണിക്കാന്‍ ഇവിടെ അനേകരുണ്ട്. ഞാനും സംഗീതം ആസ്വദിക്കുന്ന ഒരാളാണ്. എന്നാല്‍ നൃത്തത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ ഇവിടെ വളരെ ചുരുക്കം ചിലരെ ഉള്ളൂ. അവരിലൊരാളാകാന്‍ എനിക്കര്‍ഹതയുണ്ടോ എന്നെനിക്കറിയില്ല.
നൃത്തം ചെയ്യുന്ന ഒരാള്‍ കുറച്ച് സമയത്തേയ്ക്ക് തന്നെത്തന്നെ മറക്കുകയാണ് ചെയ്യുന്നത്. ഓരോ ഈരടിക്കൊപ്പവും അലിഞ്ഞുവരുന്ന അര്‍ത്ഥത്തലങ്ങളില്‍ തന്മയീഭവിച്ച് അവയെ പ്രേക്ഷകരിലേക്കെത്തിക്കുക എന്നതാണ് ഒരു നര്‍ത്തകന്റെ അല്ലെങ്കില്‍ നര്‍ത്തകിയുടെ കര്‍മ്മം. ഒരു കൊച്ചു കുട്ടി ഒരു സ്കൂള്‍ റൈം വെറുതെ നിന്ന് പാടുന്നതിനേക്കാള്‍ നമ്മള്‍ അതാസ്വദിക്കുക എപ്പോഴാണ്? അവളത് ആക്ഷന്‍സോങ്ങായി അവതരിപ്പിക്കുമ്പോഴല്ലേ? അതുതന്നെയാണ് നൃത്തത്തിലും സംഭവിക്കുന്നത്. അര്‍ത്ഥങ്ങളെ ആംഗ്യങ്ങളായി മാറ്റുക വഴി അവയെ മനസ്സിലാക്കുന്നതും ആസ്വദിക്കുന്നതും അനായാസമായ ഒന്നായി മാറുന്നു. നൃത്തത്തിന്റേതായ വേഷഭൂഷാതികളും കൂടിയായാല്‍ പിന്നെ അതു കണ്ണുകള്‍ക്ക് സമൃദ്ധമായ ഒരു കണിക്ക് തുല്യം.
ഒരു നൃത്താവിഷ്കാരം സ്വയം ചിട്ടപെടുത്തി അവതരിപ്പിക്കുന്നതില്‍ ഒരു പ്രത്യേക സുഖമുണ്ടെന്ന് തോന്നുന്നു. അങ്ങനെവരുമ്പോള്‍ നൃത്തം ചെയ്യുന്ന ആളുടെ ഭാഗത്ത് നിന്നും കൂടൂതല്‍ ഇന്‍വോള്‍മെന്റ് ഉണ്ടാകും. കൂടുതല്‍ ഭാവം ഉള്‍ക്കൊള്ളാനും അപ്പോള്‍ സാധ്യമാകും. ഓരോ മുദ്രകളുടെയും ചലനങ്ങളുടേയും ഭാവങ്ങളുടേയും പ്രാധാന്യം മനസ്സിലാക്കി നൃത്തം അവതരിപ്പിക്കാനുമാകും. ഈ സന്ദര്‍ഭത്തില്‍ എനിക്ക് മറ്റൊരു കാര്യം കൂടി പറയണമെന്നുണ്ട്. എനിക്കു തോന്നുന്നു സോളോ പെര്‍ഫോമന്‍സുകളേക്കാള്‍ നല്ലത് കൂട്ടായ പ്രകടനങ്ങളാണ്. ഇത് എന്റെ അനുഭവമാണ്. ചിലപ്പോള്‍ തെറ്റാകാം. പക്ഷെ എന്തോ എനിക്കങ്ങനെയാണ് തോന്നുന്നത്. കൂട്ടായ പ്രകടനത്തില്‍ പെര്‍ഫോം ചെയ്യുന്ന എല്ലാവരുടേയും സംഭാവനയോടുകൂടി ഒരു പോസറ്റീവ് എനര്‍ജി സൃഷ്ടിക്കപ്പെടുമെന്ന് എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അത് ആ പ്രകടനത്തെ സംബന്ധിച്ചെടുത്തോളം ഗുണകരവുമാണ്.
മറ്റൊന്ന് നൃത്തത്തിന്റെ ആസ്വാദനത്തെക്കുറിച്ചാണ്. നൃത്തം പലരും ആസ്വദിക്കുന്നു. പലര്‍ക്കും പുരുഷന്‍മാര്‍ നൃത്തം ചെയ്യുന്നതിനേക്കാള്‍ സ്ത്രീകള്‍ ചെയ്യുന്നതാണിഷ്ടവും. എന്നാല്‍ നൃത്തം ചെയ്യുന്നത് സ്വന്തം ഭാര്യയോ സഹോദരിയോ മകളോ ആണെങ്കില്‍ ആ ഇഷ്ടം കുറയുന്നു. എന്തായിരിക്കാം അതിനുള്ള കാരണമെന്ന് ആലോചിക്കുമ്പോള്‍ എനിക്കു തോന്നുന്നു നമ്മുടെ നാട്ടില്‍ ശരിയായ രീതിയിലല്ല നൃത്തം ആസ്വദിക്കപ്പെടുന്നതെന്ന്. എല്ലാവര്‍ക്കും നൃത്തം ഇഷ്ടമാണ്. എന്നാല്‍ നര്‍ത്തകിയെ അവര്‍ സമൂഹത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു. അവര്‍ക്ക് നല്ലൊരു വിവാഹജീവിതം നിഷേധിക്കപ്പെടുന്നു. അതുകൊണ്ട്തന്നെ പല നര്‍ത്തകര്‍ക്കും വിവാഹജീവിതം ഉപേക്ഷിക്കേണ്ടി വരുന്നു. ചിലരാകട്ടെ നൃത്തമാണ് ഉപേക്ഷിച്ചുപോകുന്നത്. അതൊരു ആത്മാര്‍ത്ഥതയില്ലായ്മയായി ഞാന്‍ കാണുന്നില്ല. അതവരുടെ സാഹചര്യമാണ്. ഇവിടെ ചിന്താഗതി മാറ്റേണ്ടത് സമൂഹമാണ്. പഴഞ്ചന്‍ ചിന്താഗതിയാണെങ്കിലും ഇതുതന്നെയാണ് സത്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു...

Comments

Popular posts from this blog

ഒമ്പതു ദിവസങ്ങൾ

Myopia

Through the Kajal Smudged Eyes