മണ്ണിനടിയിലെ പുൽക്കൂട്

ഉണ്ണീശോ പള്ളിയിൽ കുർബാന കണ്ടനാൾ


തണുത്തൊരാ ഞായർ സന്ധ്യയിൽ

അവൻ മൊട്ടിട്ടു

നെരിപൊടിന്റെ ചെറുവെട്ടത്തിൽ

അന്ധകാരങ്ങളിലെ ചാലുകളിലെവിടെയൊ

ജീവന്റെ കണ്ണങ്ങൾ പെരുത്തു



ഇളം ചൂടുള്ള നറുനെയ്യിൽ

കവിളിലെ ചെറു ചിരി മായാതെ

മിഴികൾ തുറക്കാതെ

ഒന്നുമുരിയാടാതെ

തത്തിക്കളിച്ചവൻ

ഹൄദയമുറിയിൽ ഒളിച്ചുനിന്നു



മറിയവും യൗസേപ്പും മാറി മാറി

കൈകളാലവനെ തലോടിനിന്നു

കേൾക്കാത്ത താരാട്ടും

കിനിയാത്ത മുലപ്പാലും

അവനായി ഒരുങ്ങിനിന്നു

ചെറു കൈകളും കാൽകളും

ഈണത്തിനൊപ്പം ചുവടുവച്ചു



പിന്നെപ്പോഴോ ആ ഉറവ വറ്റിയോ

അവൻ കരഞ്ഞുവോ പിടഞ്ഞുവോ

നിലവിളിച്ചുവോ

അറിയില്ല

മണ്ണിനടിയിലെ ചെറുപുൽക്കൂട്ടിൽ

മിഴികൾ തുറക്കാതെ ഒന്നു കരയാതെ

ആ ക്രിസ്മസ്സ് രാവിൽ അവൻ പിറന്നു

Comments

Popular posts from this blog

Myopia

The Eyes That Follow Me

അസ്തമയത്തിൻ്റെ ചുവപ്പ്