എനിക്കായ് ഒരു ചരമഗീതം
മരണ ശേഷം എന്നെ മറന്നു കൊൾക
എന്റെ മരണ ശേഷം എന്നെ മറന്നു കൊൾക
എനിക്കായ് കണ്ണീർ പൊഴിക്കാതെ എന്നെ മറന്നു കൊൾക
എന്നെ ചേർത്തു വച്ച് നിങ്ങൾ നെയ്യുന്ന ഓർമ്മകൾക്കൊന്നും
എന്നെ പിടിച്ചു നിർത്താൻ ആകില്ല
എന്നെ തിരിച്ചു വിളിക്കാൻ ആകില്ല
എന്റെ മരണം തടയാനും ആകില്ല
ആയതിനാൽ എന്നെ മറന്നു കൊൾക
എനിക്കായ് ഓർമ്മ പൂക്കൾ വേണ്ട
എനിക്കായ് ബലികുടീരങ്ങൾ വേണ്ട
എനിക്കായ് മീസാൻ കല്ലുകളും വേണ്ട
എന്റെ പേര് എവിടെയും കൊത്തി വെക്കേണ്ട
എന്റേതെല്ലാം പങ്കിട്ടെടുക്കുക
എന്റേതായി ഒന്നും മാറ്റി വെക്കേണ്ട; മാറ്റി നിർത്തേണ്ട
ഇഹ ലോകത്തിൽ എന്റെ പാത്രം അരങ്ങൊഴിയുന്നു
ആരൊക്കെയോ പോകുന്നു; ആരൊക്കെയോ വരുന്നു
ആളുകൾ, പേരുകൾ, മാനങ്ങൾ, കാലങ്ങൾ
എല്ലാം നശ്വരം;
ജനിക്കുന്നവർ മരിക്കും
മരിക്കുന്നവർ പോകും
അവരെ പോകാൻ അനുവദിക്കുക
എന്നെ പോകാൻ അനുവദിക്കുക
എന്നെ മറന്നു കൊൾക
എനിക്ക് വേണ്ടി ബലികൾ നടത്തേണ്ട
എനിക്കായ് ഓര്മ നാളുകളും വേണ്ട
എനിക്ക് വേണ്ടി ശ്രാദ്ധങ്ങൾ വേണ്ട
എനിക്ക് വേണ്ടി കാക്കകൾക്ക് ഊട്ടു വേണ്ട
വിശക്കുന്നവർ ആഹാരം കണ്ടെത്തും
ദാഹിക്കുന്നവർ പാനീയം കണ്ടെത്തും
ദഹിക്കുന്നവർ ദഹിക്കും
മരിക്കുന്നവർ പോകും
അവരെ പോകാൻ അനുവദിക്കുക
എന്നെ പോകാൻ അനുവദിക്കുക
എന്നെ മറന്നു കൊൾക
എനിക്കായ് കോടികൾ ഉയർത്തേണ്ട
എനിക്കായ് കൊടിതോരണങ്ങളും വേണ്ട
എനിക്കായ് ജാഥകൾ വേണ്ട; ജയ ഗാനങ്ങളും വേണ്ട
എനിക്കായ് സ്തൂപങ്ങൾ വേണ്ട; സ്മരണാഞ്ജലികളും വേണ്ട
എനിക്കായ് കരങ്ങൾ കോർക്കുകയോ മുഷ്ടി ചുരുട്ടുകയോ വേണ്ട
എനിക്കായ് ചോര പൊടിക്കുകയോ സദ്യ വിളമ്പുകയോ വേണ്ട
എനിക്കായ് ചേരിതിരിയേണ്ട; കരാറുകൾ ഒപ്പു വെക്കേണ്ട
ഞാൻ എന്ത് ചെയ്തുവോ അത് ചെയ്തു കഴിഞ്ഞു
അത് ലോകം മറക്കട്ടെ
ഇനി ആർക്കെന്തു ചെയ്യാം കഴിയുമോ അത് ചെയ്യുക
ചെയ്തികൾ തുടരുക; വാക്കുകൾ വ്യര്ഥമാക്കാതിരിക്കുക
എന്നെ വെറുതെ വിടുക; മരിക്കാൻ അനുവദിക്കുക
എന്നെ മറന്നു കൊൾക
ബാക്കി വെച്ച എന്റെ കടമകളെ ഓർത്ത് വേവലാതി വേണ്ട
എന്റെ കട ബാധ്യതകളെയും എഴുതി തള്ളുക
ഉടയവൻ തന്നെ സ്രഷ്ടാവും പരിപാലകനും വിധിയാളും ഹരനും
അവനറിയാതെ ഇലകൾ പൊഴിയുന്നില്ല
കിളികൾ പാടുന്നില്ല
നദികൾ ഒഴുകുന്നില്ല
സൂര്യന്മാർ ജ്വലിക്കുന്നില്ല
ഇന്ന് ഞാൻ പോകുന്നു പലതും ബാക്കി വച്ച്
നാളെ മറ്റാരോ വരും പലതും പൂർത്തിയാക്കാൻ
ആരംഭിച്ചതൊക്കെ അവസാനിക്കും
ജനിച്ചവരൊക്കെ മരിക്കും
കാലങ്ങളൊക്കെ തീരും
ഞാനും നീയും മരിക്കും
മരിക്കുന്നവരെ തടയേണ്ട; അവർ പോകും
അവരെ പോകാൻ അനുവദിക്കുക
എന്നെ പോകാൻ അനുവദിക്കുക
എന്നെ മറന്നു കൊൾക
Comments
Post a Comment